ഒമാനിൽ വിവിധ നോട്ടുകൾ പിൻവലിച്ച് സെൻട്രൽ ബാങ്ക്. 15ഓളം നോട്ടുകളാണ് നിരോധിച്ചിരിക്കുന്നത്. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 36 ദിവസത്തിനകം നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
1995 നവംബറിൽ സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാൽ നോട്ടുകൾ, 2000 നവംബറിൽ പുറത്തിറക്കിയ അഞ്ച് റിയാൽ, പത്ത് റിയാൽ, 20 റിയാൽ, 50 റിയാൽ നോട്ടുകൾ, 2005-ൽ പ്രത്യേക സ്മരണാർത്ഥം പുറത്തിറക്കിയ ഒരു റിയാൽ നോട്ട്, 2010-ൽ പ്രത്യേക സ്മരണാർത്ഥം പുറത്തിറക്കിയ 20 റിയാൽ നോട്ട്, 2012-ൽ പുറത്തിറക്കിയ അഞ്ച് റിയാൽ, 10 റിയാൽ, 50 റിയാൽ നോട്ടുകൾ, 2015-ൽ പ്രത്യേക സ്മരണാർത്ഥം പുറത്തിറക്കിയ ഒരു റിയാൽ നോട്ട്, 2019-ൽ പ്രത്യേക സ്മരണാർത്ഥം പുറത്തിറക്കിയ ഒരു റിയാൽ നോട്ട് എന്നിവയാണ് പിൻവലിച്ചിരിക്കുന്നത്.
അസാധുവായ നോട്ടുകൾ മാറ്റുന്നതിനായി സമയം അനുവദിക്കുമെന്നും എന്നാൽ മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാൽ ഈ നോട്ടുകൾ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകുമെന്നും ഒമാൻ സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു.