കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെ ടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് നിർദേശം നൽകി. കുവൈറ്റിലെ ജന സംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. പുതിയ നിർദേശം സംബന്ധിച്ച കാര്യങ്ങൾ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും. അതേസമയം മെഡിക്കൽ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ എന്നിവരുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പ്രഫഷണൽ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും സ്വകാര്യ മേഖലയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്കും ദീർഘകാല റെസിഡൻസി പെർമിറ്റ് അനുവദിക്കും എന്നാണ് റിപ്പോർട്ടുകൾ.
റെസിഡൻസി പെർമിറ്റുകൾ പരിമിതപ്പെടുത്തുന്നതിലൂടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലവിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ഭൂരിപക്ഷം കമ്പനികളും അവരുടെ തൊഴിലാളികൾക്ക് ഒരു വർഷത്തേക്കുള്ള റെസിഡൻസി പെർമിറ്റുകളാണ് എടുക്കുന്നത്. തൊഴിലാളികളെ ആവശ്യമില്ലെങ്കിൽ മാറ്റാനും ഒരുമിച്ച് മെഡിക്കൽ ഇൻഷുറൻസ് അടക്കുന്നതിൽ നിന്ന് ഒഴിവാകാനും ഇത്തരത്തിൽ ഒരുവർഷ പെർമിറ്റാണ് കൂടുതൽ സൗകര്യമെന്ന് തൊഴിൽ ഉടമകൾ അഭിപ്രായപ്പെട്ടു.