പതിമൂന്നുവയസ്സുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് സനു മോഹന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ.സോമനാണ് വിധി പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളിലായി 28 വർഷവും തടവും അനുഭവിക്കണം. പ്രതിക്ക് 1,75,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പ്രതിക്കെതിരെ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2021 മാർച്ച് 21-ന് മകൾ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാർപുഴയിൽ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
തലേദിവസം രാത്രി സനു മോഹൻ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിറ്റേദിവസം പെൺകുട്ടിയുടെ മൃതദേഹം മുട്ടാർപ്പുഴയിൽ കണ്ടെത്തുകയായിരുന്നു.