കലോത്സവത്തിൽ ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം നോൺ വെജ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു തൻ്റെ ആഗ്രഹം. അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോളാണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പോൾ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സ്കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലോത്സവത്തിൽ താൻ മുഖ്യപാചകക്കാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണമെന്ന് പഴയിടം പ്രതികരിച്ചു. അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്നും താൻ അങ്ങനെ ഒരാളല്ലെന്നും പഴയിടം കൂട്ടിച്ചേർത്തു.