കേരളത്തിൽ നിപ വൈറസ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെന്ന ജർമ്മൻ മാധ്യമത്തിലെ വാർത്തയുടെ അടിസ്ഥാനത്തിൽ മലയാളി നഴ്സുമാർ ജർമ്മനിയിൽ ക്വാറന്റൈനിൽ കഴിയുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. തെറ്റായ വാർത്തകൾ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് സംഭവമെന്നും ശിവൻകുട്ടി പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: ”ഒരു മാധ്യമവാർത്തയുടെ കഥ…തെറ്റായ വാർത്തകൾ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് ഏജൻസിയായ ODEPC വഴി എട്ടു നഴ്സുമാരെ ജർമ്മനിയിലേക്ക് അയച്ചിരുന്നു.
തൊഴിൽ മന്ത്രി എന്ന നിലയിൽ ഞാനും യാത്രയയപ്പ് ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. നഴ്സുമാർ ജർമ്മനിയിൽ എത്തിയപ്പോഴേക്കും ഒരു ജർമൻ മാധ്യമത്തിൽ ഒരു വാർത്ത വന്നു. നിപ മൂലം കേരളത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി എന്നായിരുന്നു വാർത്ത. ജർമ്മനിയിലെ സാർലൻഡ് സംസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കേണ്ട നഴ്സുമാർ ഇപ്പോൾ ഫ്രാൻക്ഫർട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനിൽ കഴിയുകയാണ്. വിഷയത്തിൽ ODEPC നേരിട്ട് ഇടപെട്ടിട്ടുണ്ട്.”