കർണാടക സ്പീക്കറായി മംഗളുരു എംഎൽഎയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.
മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു.കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിൻറെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ.
കാസർകോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.
പുതിയ സ്പീക്കറെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് ബസവരാജെ ബൊമ്മെ എന്നിവർ ചേർന്ന് കസേരയിലേക്ക് ആനയിച്ചു. സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‍ലിമാണ് യു.ടി. ഖാദർ. സ്പീക്കറാവുന്നതിനെ വലിയൊരു അവസരമായി കാണുന്നതായും എല്ലാവരെയും ഒന്നിച്ചു ചേർത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യു.ടി. ഖാദർ പ്രതികരിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നാൽ തന്നെ 135 കോൺഗ്രസ് എം.എൽ.എമാരും എസ്.കെ.പി അംഗവും സ്വതന്ത്ര അംഗവും ഉൾപ്പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാർഥിയായ യു.ടി. ഖാദറിന് വിജയം ഉറപ്പായിരുന്നു.