യുഎഇയിലെ ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 200 ദിർഹം മുതൽ 10,000 ദിർഹം വരെ ഫീസ് നിശ്ചയിച്ചു. ഡ്രോൺ പെർമിറ്റുകൾ, പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ 17 തരം സേവനങ്ങൾക്കാണ് കാബിനറ്റ് പ്രമേയത്തിൽ ഫീസ് തീരുമാനിച്ചത്.
സേവന ഫീസ് കാബിനറ്റ് പ്രമേയം നമ്പർ 58-ൽ വ്യക്തമാക്കിയിട്ടുണ്ട്. ജൂണിൽ ഔദ്യോഗിക ഗസറ്റിൽ പ്രമേയം പ്രസിദ്ധീകരിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരുമെങ്കിലും പുതിയ ഫീസ് എപ്പോൾ മുതൽ ഈടാക്കുമെന്നത് സംബന്ധിച്ച വ്യക്തത വന്നിട്ടില്ല.
പ്രമേയം അനുസരിച്ച് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിക്കാണ് നടപ്പാക്കാൻ ചുമതലയുള്ളത്. അതുകൊണ്ടുതന്നെ ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട അധികാരികൾ ഡ്രോണുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ഉചിതമായ ഫീസ് ഈടാക്കുന്നതിനുമുള്ള നടപടികൾ അതോറിറ്റി ഏകോപിപ്പിക്കും.
വിവിധ സേവനങ്ങളുടെ ഫീസ് ഇപ്രകാരമാണ്
• വിനോദത്തിനുള്ള ഡ്രോൺ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് – 200 ദിർഹം
• പൈലറ്റ് സർട്ടിഫിക്കറ്റ് – 100 ദിർഹം
• വാണിജ്യ, സർക്കാർ, ഇവൻ്റ് ഓർഗനൈസേഷൻ വിഭാഗങ്ങൾക്കുള്ള ഡ്രോൺ ഓപ്പറേറ്റർ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് – 5,000 ദിർഹം
• അംഗീകൃത വിമാന പരിശീലന സ്ഥാപന സർട്ടിഫിക്കറ്റ് – 10,000 ദിർഹം
• വിമാനത്തിൻ്റെ നിർമ്മാണം, രൂപകല്പന, പരിപാലനം എന്നിവ അംഗീകരിക്കുന്നതിനുള്ള അനുമതി – 10,000 ദിർഹം
• ഡ്രോൺ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം – 5,000 ദിർഹം
• എയർസ്ട്രിപ്പുകൾ സ്ഥാപിക്കാൻ അനുമതി – 5,000 ദിർഹം
• സുരക്ഷാ വിലയിരുത്തൽ സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ – 5,000 ദിർഹം
• സുരക്ഷാ സർട്ടിഫിക്കറ്റ് – 1,000 ദിർഹം
• ഇന്ധന, ഊർജ വിതരണ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള അംഗീകാരം – 5,000 ദിർഹം