ലോകത്തിലെ മുൻനിര അക്കാദമിക് സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടി ഷാർജ സർവകലാശാല. ഏറ്റവും പുതിയ യുഎസ് ന്യൂസ് ഗ്ലോബൽ റാങ്കിങ്ങിലാണ് ഷാർജ സർവകലാശാല മുൻപന്തിയിലെത്തിയത്. യുഎഇയിൽ ഒന്നാം സ്ഥാനവും അറബ് സർവകലാശാലകളിൽ നാലാം സ്ഥാനവുമാണ് യൂണിവേഴ്സിറ്റിക്ക്. ഷാർജ ഉപഭരണാധികാരിയും സർവകലാശാല പ്രസിഡന്റുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഗ്ലോബൽ റാങ്കിങ്, അക്കാദമിക് പ്രശസ്‌തി, ഗവേഷണ സ്വാധീനം, രാജ്യാന്തര സഹകരണങ്ങൾ, ഡോക്‌ടറേറ്റ് ബിരുദ അവാർഡുകൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവകലാശാലകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ആഗോളതലത്തിൽ 2,250 സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും 261-ാം സ്ഥാനവും ഏഷ്യയിൽ 55-ാം സ്ഥാനവും ഷാർജ സർവകലാശാല സ്വന്തമാക്കി. ഗവേഷണ പഠനങ്ങളിൽ ഷാർജ സർവകലാശാല ലോകപ്രശസ്തമാണ്.
ഈ നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സർവകലാശാലയുടെ സ്ഥാപകൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ബോർഡ് ഓഫ് ട്രസ്റ്റീസ്, അഡ്മിനിസ്ട്രേഷൻ, ഫാക്കൽറ്റി, വിദ്യാർത്ഥികൾ എന്നിവരെ ഷെയ്ഖ് സുൽത്താൻ പ്രശംസിച്ചു.