പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഹോക്കി താരം പി.ആർ ശ്രീജേഷിന് വീട്ടിൽ സ്വീകരണമൊരുക്കി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ശ്രീജേഷിനും കുടുംബത്തിനും സ്വവസതിയിൽ സദ്യയൊരുക്കിയാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും സ്വീകരിച്ചത്.
ശ്രീജേഷിന്റെ ഒളിമ്പിക് മെഡലിനെ ബഹുമാനത്തോടെ നോക്കിയ സുരേഷ് ഗോപി ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നെന്ന് പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ എന്നിവരും നടന്റെ വീട്ടിലെത്തിയിരുന്നു.
പാരീസ് ഒളിമ്പിക്സോടെ വിരമിച്ച ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിൻ്റെ പരിശീലകനായി ഹോക്കി ഇന്ത്യ നിയോഗിച്ചിരുന്നു. അതോടൊപ്പം, ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പർ ജേഴ്സി ഹോക്കി ഇന്ത്യ പിൻവലിക്കുകയും ചെയ്തിരുന്നു.