സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗങ്ങളായി പ്രവർത്തിക്കാൻ പുതിയ അഞ്ച് രാജ്യങ്ങളെ തെരഞ്ഞെടുത്തതായി െഎക്യരാഷ്ട്രസഭ. വ്യാഴാഴ്ച പൊതു അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് അഞ്ച് രാജ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഇക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കാണ് യുഎന്‍ സുരക്ഷാ ബോഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം. ജനറൽ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദാണ് ഫലം പ്രഖ്യാപിച്ചത്. 2023 ജനുവരി മുതൽ ഈ രാജ്യങ്ങളുടെ യുഎന്നിനൊപ്പമുളള ചുമതലകൾ ആരംഭിക്കും. ആഗോള സമാധാനവും സുരക്ഷയും നിലനിർത്തിയുളള പ്രവര്‍ത്തനങ്ങൾക്കാണ് മുന്‍തൂക്കം.
15 രാജ്യങ്ങളാണ് സുരക്ഷാ കൗണ്‍സിലില്‍ ഉളളത്. അവയിൽ അഞ്ചുരാജ്യങ്ങൾ വീറ്റോ അവകാശമുളള സ്ഥിരാംഗങ്ങളാണ്. ചൈന, ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾക്കാണ് വീറ്റോ അവകാശമുളളത്. കൗണ്‍സിലിലെ സ്ഥിരമല്ലാത്ത പത്ത് രാജ്യങ്ങളെ ജനറല്‍ അസംബ്ളി വോട്ടിനിട്ട് തെരഞ്ഞെടുക്കുകയാണ് രീതി.
തെരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങൾക്ക് രണ്ട് വര്‍ഷത്തെ കാലാവധിയാണ് ലഭിക്കുക. രാജ്യങ്ങൾ എതിരില്ലാതെ മത്സരിച്ചാലും മൂന്നിൽ രണ്ട് ഭൂരിപക്ഷമോ ,128 വോട്ടുകളോ നേടണമെന്നാണ് വ്യവസ്ഥ. ജനറല്‍ അസംബ്ലിയില്‍ 193 അംഗരാജ്യങ്ങളാണുളളത്.