വിദേശ പൗരന്മാർക്ക് ഈ വർഷം ഉംറ വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെ നീട്ടിയതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ജൂൺ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ ലഭിച്ചവർക്ക് ജൂൺ 17വരെ രാജ്യത്ത് തുടരാനും അനുമതിയുണ്ട്. ജൂൺ 18ന് മുമ്പ് രാജ്യം വിടണമെന്നാണ് നിർദ്ദേശം.
ഈ വർഷം മുതൽ ഉംറ വിസയുടെ കാലാവധി 90 ദിവസമാക്കി ഉയർത്തിരുന്നു. മുമ്പ് 30 ദിവസത്തെ അനുമതി മാത്രമാണ് നൽകിയിരുന്നത്.തീർത്ഥടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനും ഉംറ വിസയിൽ രാജ്യത്തെ ഭൂപ്രദേശങ്ങളും പട്ടണങ്ങളും ചരിത്ര പ്രദേശങ്ങളും സന്ദർശിക്കുന്നതിന് ഇളവുകളും നൽകിയിരുന്നു.
ഉംറ പാക്കേജുകൾ സ്വയം തിരഞ്ഞെടുക്കുന്നതിനും ബുക്കുചെയ്യുന്നതിനും ഹജ്ജ് -ഉംറ മന്ത്രാലയം അവസരം ഒരുക്കിയിട്ടുണ്ട്. ഓൺലൈനിലെ നുസുക്ക് പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന സേവനങ്ങളുടെ എണ്ണം 121 ആയി വർദ്ധിപ്പിച്ചെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.