ഹജ്ജിന് ശേഷമുളള വിദേശ ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മക്കയിലെത്തും. രണ്ടാഴ്ച മുമ്പ് ഉംറ പെര്‍മിറ്റ് ലഭിച്ചവര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അവസരം ഒരുങ്ങുക. പുതിയ ഹിജ്‌റ വര്‍ഷത്തിന്‍റെ തുടക്കമായ മുഹര്‍റം ഒന്നിനാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കുന്നതെന്ന് ഹജ്ജ് ഉമ്ര മന്ത്രാലയം വ്യക്തമാക്കി.
മുസ്ലീം രാജ്യങ്ങളായ പാക്കിസ്ഥാനന്‍, തുര്‍ക്കി, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുളള സംഘമാണ് മുഹറം ഒന്നിന് ഉംറ നിര്‍വ്വഹിക്കാനെത്തുന്നത്. ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവര്‍ പുണ്യഭൂമിയില്‍ എത്തുക. കൂടുതല്‍ ഉംറ തിര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുക്കങ്ങൾ പൂര്‍ണമെന്നും മന്ത്രാലയം അറിയിച്ചു.
തിര്‍ത്ഥാടകര്‍ക്കായി അഞ്ഞുറിലേറെ ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹജ്ജ് – ഉംറ മന്ത്രാലയത്തിന്‍റെ ലൈസന്‍സുള്ള രണ്ടായിരത്തിലേറെ വിദേശ ഏജന്‍സികളും ഉംറ സേവന മേഖലയിലുണ്ടെന്ന് ദേശീയ ഹജ്ജ്-ഉംറ കമ്മിറ്റി അംഗം ഹാനി അല്‍ അമീരി പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗള്‍ഫ് ഇന്‍റര്‍നാഷണല്‍ ബാങ്കിന്റെ അംഗീകാരമുള്ള വാലറ്റ് വഴിയും മറ്റു അംഗീകൃത ഇ-പെയ്മെന്‍റ് സംവിധാനങ്ങൾ വഴിയും ഉംറ പാക്കേജുകള്‍ക്കുള്ള തുക അടയ്ക്കാന്‍ സാധിക്കും. വിദേശ തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ താമസ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ച മന്ത്രാലയത്തിന്‍റെ തീരുമാനവും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒരു കോടി തീര്‍ഥാടകര്‍ ഉംറ നിര്‍വ്വഹിക്കാന്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.