ഉക്രൈന്‍ പൗരന്‍മാര്‍ക്ക് റഷ്യന്‍ പൗരത്വം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. തിങ്കളാഴ്ചയാണ് റഷ്യന്‍ നാചുറലൈസേഷന്‍ പ്രോസസില്‍ പുടിന്‍ ഒപ്പിട്ടത്. ഉത്തരവ് റഷ്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.
ഉത്തരവ് പ്രകാരം റഷ്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന ഉക്രൈന്‍ പൗരന്‍മാര്‍ക്ക് നടപടികള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തായാക്കാന്‍ സാധിക്കും. ഉക്രൈന് മേല്‍ സ്വാധീനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യന്‍ നീക്കം. കിഴക്കന്‍ ഉക്രൈനിലെ ഡോണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ സ്വയംഭരണ പ്രദേശങ്ങളിലെയും റഷ്യന്‍ അധിനിവേശ പ്രവിശ്യകളായ ഖെര്‍സണ്‍, സപോറിസ്സ്ഹ്യ എന്നിവിടങ്ങളിലും റഷ്യന്‍ പൗരത്വ നടപടികൾ ലളിതമാക്കിയിരുന്നു. ഇവിടങ്ങളില്‍ റഷ്യന്‍ പാസ്‌പോര്‍ട്ടുകളും വിതരണം ചെയ്തിട്ടുണ്ട്.
ഉക്രൈനെതിരേ ആക്രമണമാരംഭിച്ച് നാല് മാസം പിന്നിടുമ്പോഴാണ് റഷ്യ പുതിയ നീക്കത്തിലേക്ക് എത്തിയത്. സംഘര്‍ഷത്തിന് അയവുവരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങൾ നടന്നിട്ടും റഷ്യന്‍ നിലപാട് മാറ്റാനായില്ല. അതേസമയം പുടിന്‍റെ പുതിയ പ്രഖ്യാപനത്തില്‍ ഉക്രൈന്‍റെ പ്രതികരണവും പുറത്തുവന്നിട്ടില്ല.