അബുദാബിയിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ അവതരിപ്പിക്കാനൊരുങ്ങി ഊബർ. റൈഡ്-ഹെയ്‌ലിംഗ് കമ്പനി ചൈനയുടെ വെറൈഡുമായി സഹകരിച്ചാണ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ വാഹനം നിരത്തിലിറക്കുമെന്നാണ് റിപ്പോർട്ട്.
ഊബർ ആപ്പ് വഴി വെറൈഡിൻ്റെ റോബോടാക്‌സിസ് ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കാണ് ഈ വാഹനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. അതേസമയം, അബുദാബിയിൽ ഇറക്കാൻ പോകുന്ന സെൽഫ് ഡ്രൈവിംഗ് കാറുകളുടെ എണ്ണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2023-ൽ, രാജ്യത്തെ റോഡുകളിൽ സ്വയം ഓടിക്കുന്ന വാഹനങ്ങൾക്കുള്ള ആദ്യത്തെ ദേശീയ ലൈസൻസ് വെറൈഡിന് യുഎഇ അനുവദിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെയും ആഗോളതലത്തിലെയും ആദ്യത്തെ ദേശീയ തലത്തിലുള്ള സ്വയംഭരണ ഡ്രൈവിംഗ് ലൈസൻസായിരുന്നു ഇത്.