ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന വികസന തന്ത്രങ്ങളാണ് യുഎഇയുടേത്. ആഗോളമാന്ദ്യം മറ്റ് രാജ്യങ്ങളെ കൈപ്പിടിയിലൊതുക്കുമ്പോഴും അവയെ തരണം ചെയ്ത് മുന്നേറുന്ന യുഎഇ എണ്ണയിതര വിദേശവ്യാപാരത്തിൽ വീണ്ടും റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം എണ്ണയിതര വിദേശവ്യാപാരത്തിൽ മൂന്നരലക്ഷം കോടി ദിർഹമെന്ന ചരിത്രനേട്ടമാണ് യുഎഇ സ്വന്തമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടമായാണ് ഇത് കണക്കാക്കപ്പെടുന്നത്. എണ്ണയിതര വിദേശചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരനേട്ടം സുപ്രധാന നാഴികക്കല്ലാണെന്നും ഓരോ പ്രഭാതവും രാജ്യത്ത് പുത്തൻ നേട്ടങ്ങൾ കൊണ്ടുവരുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
മികച്ച പത്ത് വ്യാപാര പങ്കാളികളുമായുള്ള യുഎഇയുടെ വിദേശ വ്യാപാരത്തിൽ വലിയ കുതിച്ചുചാട്ടമാണ് 2023ൽ ഉണ്ടായിരിക്കുന്നത്. ഒരു വർഷത്തിനകം തുർക്കി, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരം യഥാക്രമം 103 ശതമാനം, 47 ശതമാനം, 20 ശതമാനം എന്നിങ്ങനെയാണ് വർധിച്ചത്. ദുബായിയുടെ എണ്ണയിതര വിദേശവ്യാപാരം രണ്ട് ലക്ഷം കോടി ദിർഹത്തിൽ എത്തിക്കാനുള്ള ലക്ഷ്യം 2020-ലാണ് ദുബായ് കൗൺസിൽ പ്രഖ്യാപിച്ചത്. എന്നാൽ ഈ ലക്ഷ്യം ഫെബ്രുവരിയുടെ തുടക്കത്തിൽ കൈവരിച്ചതായി ഷെയ്ഖ് മുഹമ്മദ് അറിയിച്ചിരുന്നു.