യുഎഇയിലെ ആദ്യത്തെ ഹോളി ഖുർആൻ ടിവി ചാനൽ ഷാർജയിൽ ഇന്ന് സംപ്രേക്ഷണം ആരംഭിക്കും. വിശുദ്ധ ഗ്രന്ഥത്തിലെ വാക്യങ്ങളുടെ പുതിയതും സവിശേഷവുമായ പാരായണങ്ങളും മതപരമായ ഉള്ളടക്കങ്ങളും ഉൾപ്പെടുത്തിയാണ് ചാനലിന്റെ ട്രയൽ സംപ്രേക്ഷണം ഇന്ന് നടത്തുന്നത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ചാനൽ ആരംഭിക്കുന്നത്. ഷാർജ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റി (എസ്‌ബിഎ) നടത്തുന്ന പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഹോളി ഖുർആൻ ചാനൽ. ചാനലിലൂടെ പ്രേക്ഷകർക്ക് ഖുർആൻ പാരായണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവും 24 മണിക്കൂറും കാണാനും കേൾക്കാനും കഴിയും.
ഖുർആനിൻ്റെ ശരിയായ ധാരണ വർദ്ധിപ്പിക്കുകയും ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ അതിൻ്റെ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. മതപരമായ ആശയങ്ങൾ ലളിതമാക്കുകയും പൊതുജനങ്ങൾക്ക് അവ മനസിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്ന ഹ്രസ്വ വിദ്യാഭ്യാസ പരിപാടികളും ഇതിൽ ഉണ്ടാകും.