പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വന്തം വീട്ടുമുറ്റത്ത് കൃഷി ചെയ്ത് വിവിധ പച്ചക്കറികളും പഴങ്ങളും വിളയിച്ച കർഷക. അതെ, യു.എ.ഇ.യിലെ ആദ്യ വനിതാ കർഷകയായ അംന ഖലീഫ അൽ ക്വെംസി.
അംന ഖലീഫ അൽ ക്വെംസി കാർഷിക മേഖലയിലേക്ക് പിച്ചവെച്ച ഘട്ടത്തിൽ യുഎഇയുടെ ആദ്യ പ്രസിഡൻ്റും സ്ഥാപക പിതാവുമായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ഒമ്പത് കുട്ടകൾ നിറയെ പഴങ്ങളും പച്ചക്കറികളും അയച്ചുകൊടുത്തിരുന്നു. അൽ ക്വെംസിയ്ക്ക് കാർഷികവൃത്തിയോടുള്ള അഭിനിവേശവും കഴിവും തിരിച്ചറിഞ്ഞ അന്നത്തെ അബുദാബി ഭരണാധികാരി അവളുടെ കാർഷിക മേഖലയെ പരിപോഷിപ്പിക്കാൻ ഒരു ഫാം നൽകാൻ ഉത്തരവിടുകയായിരുന്നു.
അന്ന് തുടങ്ങിയ വളർച്ച ഇന്ന് ഓർഗാനിക് അഗ്രികൾച്ചറിലെ ഒരു മുൻഗാമിയായി അൽ കെംസിയെ എത്തിച്ചു. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിൽ നിന്ന് കഴിഞ്ഞ ദിവസം അവർക്ക് അബുദാബി അവാർഡും ലഭിച്ചിരുന്നു. പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനാണ് അൽ ക്വംസിയെ ആദരിച്ചത്.
ആരെയും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് അൽ കെംസി കാർഷിക മേഖലയിലൂടെ കൊയ്തെടുത്തത്. തക്കാളി, മുന്തിരി, അത്തിപ്പഴം, തണ്ണിമത്തൻ, ചുവന്ന മുളക് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന വിളകളാണ് നൂറുമേനി വിജയം കൊയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിത്തുകൾ യുഎഇയിൽ എത്തിച്ച് നൂറുമേനി കൊയ്തു അൽ ക്വംസി. ശീതകാല നടീൽ മാത്രമായി തന്റെ കാർഷിക പരിമിതപ്പെടുത്തിയില്ല, വേനൽക്കാലത്തും മുഴുവൻ വിളകളും കൃഷി ചെയ്തു.