യുഎഇയിൽ രണ്ട് ദിവസമായി അതിശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്നലെ രാജ്യത്ത് പെയ്തത് 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെയും ആലിപ്പഴ വർഷത്തോടെയുമാണ് മഴ തകർത്ത് പെയ്തത്.
രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഐനിലെ ഖത്ം അൽ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളിൽ ഇവിടെ പെയ്തത് 254 മില്ലിമീറ്റർ മഴയാണെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കിയത്. 1949ൽ കാലാവസ്ഥാ ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ് യുഎഇ ഇന്നലെ സാക്ഷ്യം വഹിച്ചത്.
ഇതോടെ രാജ്യത്തിൻ്റെ ഭൂഗർഭ ജലശ്രോതസ് വളരെയധികം ശക്തിപ്രാപിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. വരും മണിക്കൂറുകളിലും രാജ്യത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കണക്കാക്കപ്പടുന്നത്. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.