മധ്യപൂർവദേശ മേഖലയിലെ സമുദ്ര സുരക്ഷ സഖ്യത്തിൽ നിന്ന് പിന്മാറിയതായി യുഎഇ. യുഎസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖ്യത്തിൽ നിന്നാണ് യുഎഇയുടെ പിൻമാറ്റം. എല്ലാ രാജ്യങ്ങളുമായും ഫലപ്രദമായ സുരക്ഷാ സഹകരണം ഉറപ്പാക്കാനാണ് പിൻമാറ്റമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വിശദമാക്കി.
ബഹ്‌റൈനിലെ യുഎസ് നേവൽ ബേസ് ആസ്ഥാനമായാണ് സംയോജിത മാരിടൈം ഫോഴ്‌സ് പ്രവർത്തിക്കുന്നത്. 34 രാജ്യങ്ങൾ സംയുക്ത സമുദ്ര സേനയുടെ ഭാഗമായുണ്ട്. രാജ്യാന്തര കപ്പൽ പാതയിലെ സംരക്ഷണം ഉറപ്പാക്കുന്നതിലും മറ്റും നിർണായക സുരക്ഷയാണ് സേന നൽകുന്നത്.
അതേസമയം പിൻമാറ്റത്തിന് തെറ്റായ വ്യാഖ്യാനം നൽകരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. മേഖലയിലെ പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ വ്യക്തമാക്കി.