റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്ന് സഹായഹസ്തവുമായി യുഎഇ. യുക്രെയ്നിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി 23 ആംബുലൻസുകളാണ് യുഎഇ സംഭാവന ചെയ്തത്. ആംബുലൻസുകളുമായുള്ള ചരക്കുകപ്പൽ യുക്രെയ്നിലേയ്ക്ക് പുറപ്പെട്ടു. വിദേശ സഹായപദ്ധതിയുടെ ഭാഗമായി 50 ആംബുലൻസുകൾ യുക്രെയ്ന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്രകാര്യ ഓഫീസിലെ ജീവകാരുണ്യ വിഭാഗം ഡയറക്ടർ മാജിദ് ബിൻ കമാൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ യുക്രെയ്ന് 100 ദശലക്ഷം ഡോളറിന്റെ സഹായം യുഎഇ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം 10,000 സ്കൂൾ ബാഗുകളും 2,500 ലാപ്ടോപ്പുകളുമായി ചരക്കുവിമാനം യുക്രെയ്നിലേയ്ക്ക് അയക്കുകയും ചെയ്തിരുന്നു. കൂടാതെ ജനങ്ങൾക്ക് വെളിച്ചം നൽകുന്നതിനുള്ള ഉപകരണങ്ങൾ, പുതപ്പുകൾ എന്നിവ ഉൾപ്പെടെ 250 ടൺ ഉൽപന്നങ്ങളടങ്ങിയ ചരക്കുകപ്പലും യുഎഇ യുക്രെയ്നിലേക്ക് അയച്ചിരുന്നു.