യുഎഇയുടെ ഇന്ധനവില കമ്മിറ്റി മെയ് മാസത്തെ പുതുക്കിയ റീട്ടെയിൽ പെട്രോൾ, ഡീസൽ നിരക്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.
ഏപ്രിലിൽ ഇറാനും ഇസ്രായേലും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആഗോള എണ്ണവില വർദ്ധിച്ചതിനാൽ അടുത്ത മാസത്തേക്ക് പ്രാദേശികമായി പെട്രോൾ വില ഉയർന്നേക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുൻ മാസത്തെ അപേക്ഷിച്ച് 2024 ഏപ്രിലിൽ പെട്രോൾ വിലയിൽ ബാരലിന് ശരാശരി 4.53 ഡോളർ വർധനയുണ്ടായിരുന്നു.
സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ വില യഥാക്രമം 3.15 ദിർഹം, 3.03 ദിർഹം, 2.96 ദിർഹം എന്നിങ്ങനെയാണ് . ഗതാഗത കമ്പനികളും വാഹന ഉടമകളും യുഎഇയിലെ പെട്രോൾ വില അറിയാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഉണ്ടായ വെള്ളപ്പൊക്ക കെടുതിയിൽ നിന്നും കരകയറി വരുകയാണ് രാജ്യം. പെട്രോൾ വില ഇരുട്ടടി ആകില്ല എന്ന ആശ്വാസത്തിലാണ് ഒരു വിഭാഗം.