നവംബർ മൂന്നിന് യുഎഇ പതാകദിനം ആചരിക്കും. ഈ അവസരത്തിൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും പതാക ഉയർത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. രാവിലെ 10 മണിക്ക് രാജ്യം ഒരുമിച്ച് പതാക ഉയർത്താനാണ് നിർദേശിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ഐക്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ് പതാക ദിനമെന്നും ഈ മുഹൂർത്തത്തിന് ജനങ്ങളെല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമമായ എക്സ് വഴിയാണ് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും സ്ഥാപനങ്ങളോടും പതാക ഉയർത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടത്.
വെള്ള, പച്ച, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള യുഎഇയുടെ പതാക പ്രതീക്ഷയെയും സമാധാനത്തെയും കരുത്തിനെയും ധീരതയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. 2013-ലാണ് ആദ്യമായി യുഎഇ പതാകദിനം ആചരിക്കുന്നത്.