യുഎഇയിൽ ചൂട് കൂടും. പൊടിക്കാറ്റ് ശക്തമാവുമെന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ചിലപ്പോൾ 2000 മീറ്ററിൽ താഴെയായി തിരശ്ചീന ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടി നിറഞ്ഞ സാഹചര്യം ദൂരക്കാഴ്ച കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിലെ ഒരു പോസ്റ്റിൽ അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് പാലിക്കാൻ ഡ്രൈവർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെൽഷ്യസും 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് രാജ്യത്ത് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൊടിപടലത്തിന് കാരണമാകും. അറേബ്യൻ ഉൾക്കടലിൽ കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഒമാൻ കടലിൽ രാവിലെ മുതൽ കടൽ പ്രക്ഷുബ്ധമാകും. കാലാവസ്ഥ ദിനം പ്രതി മാറി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.