കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ് യുഎഇ. വെള്ളിയാഴ്ച യുഎഇയിൽ രേഖപ്പെടുത്തിയത് റെക്കോഡ് താപനിലയെന്ന് കണക്കുകൾ. 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഈ വേനല്‍ക്കാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:15ന് അല്‍ ദഫ്ര മേഖലയിലെ മെസൈറയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെൻ്റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം)വ്യക്തമാക്കി.
അതേസമയം ശനിയാഴ്ച ഗാസ്യൗറയിലും അല്‍ ക്വാവയിലും താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎഇ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. എന്നാല്‍ ശനിയാഴ്ച യുഎഇയുടെ ചില ഭാഗങ്ങൾ മേഘാവൃതമാവുമെന്നും മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഉച്ചയോടെ കിഴക്കന്‍ പ്രദേശങ്ങളിലാകും കൂടുതല്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുക.
തീരപ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും. രാജ്യത്തെ ഏറ്റവും തീവ്രമായ വേനല്‍ക്കാല ഘട്ടം ജൂലൈ പകുതിയോടെ ആരംഭിക്കുകയും ഓഗസ്റ്റ് അവസാനം വരെ തുടരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.