യുഎഇയിൽ സന്ദർശക വിസ നിയമത്തിൽ മാറ്റം. ഇനി മുതൽ
സന്ദർശക വിസയുടെ സ്ഥിതി മാറ്റണമെങ്കിൽ രാജ്യത്തിന് പുറത്ത് പോകണം. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാക്കിയത്. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ ഇളവാണ് പിൻവലിക്കുന്നത്.
ആദ്യ ഘട്ടമായി ഷാർജ, അബുദാബി എമിറേറ്റുകളിൽ നിർദേശം പ്രാബല്യത്തിൽ വന്നു. സന്ദർശക വിസ പുതുക്കണമെങ്കിലും രാജ്യം വിടണമെന്നാണ് നിർദ്ദേശം. എന്നാൽ ദുബായിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല.
അധിക പണം അടച്ചാൽ യുഎഇയിൽ നിന്നുകൊണ്ട് തന്നെ സന്ദർശക വിസയിലുള്ളവക്ക് വിസ പുതുക്കാൻ ഇതുവരെ അനുമതി നൽകിയിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് അനുകൂലമായ നീക്കമായിരുന്നു ഇത്. പുതിയ മാനദണ്ഡം വരുന്നതോടെ വിമാന മാർഗമോ കരമാർഗമൊ യുഎ ഇയ്ക്ക് പുറത്തുപോയ ശേഷം വിസ പുതുക്കേണ്ടി വരും. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നാട്ടിലേക്കൊ
ഒമാനിലൊ പോയി എക്സിറ്റ് അടിച്ച ശേഷം തിരിച്ചെത്തുകയാണ് ചെയ്യുന്നത്.
ദുബായിൽ ഉളളവർക്ക് എക്സിറ്റ് ചെയ്യാതെ സന്ദർശക വിസ വിസ പുതുക്കാമെങ്കിലും 2000 ദിർഹമിന് മുകളിൽ അധിക ചെലവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ താമസ വിസക്കാർക്ക് പുതിയ മാനദണ്ഡം ബാധകമല്ല.