യുഎഇയിൽ അനധികൃതമായി താമസിക്കുന്ന വിസ ലംഘകർക്ക് നിയമപരമായി രാജ്യത്ത് തുടരാനോ വിലക്കുകളോ പിഴകളോ ഇല്ലാതെ രാജ്യം വിടാനോ സാധിക്കുന്ന പൊതുമാപ്പ് ആരംഭിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ തസ്തികകളിൽ 58 പേരെയാണ് ജോലിക്ക് നിയമിച്ചതെന്നാണ് റിപ്പോർട്ട്.
ഈ കാലയളവിൽ 4,000-ത്തിലധികം വ്യക്തികളെ നിരവധി കമ്പനികൾ അഭിമുഖം നടത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു. ഇതിൽ നിന്നാണ് യോഗ്യതയും എക്സ്പീരിയൻസുമുള്ള 58 പേർക്ക് ജോലി നൽകിയത്. അതേസമയം, മറ്റുള്ളവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സെപ്തംബർ 1 മുതൽ ഒക്ടോബർ 30 വരെയാണ് പൊതുമാപ്പ് കാലാവധി അനുവദിച്ചിരിക്കുന്നത്. ആദ്യ ആഴ്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ അപേക്ഷകരിൽ 88 ശതമാനം പേരും രാജ്യത്ത് തുടരാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ആദ്യ ആഴ്ചയിൽ ദുബായിൽ മാത്രം 20,000 അപേക്ഷകളാണ് ലഭിച്ചത്.