സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമമാണ് യുഎഇയിലുള്ളത്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ വ്യാജമായി നിർമ്മിച്ചാലുള്ള പിഴകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. സാങ്കേതിക മാർഗങ്ങളോ കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഉപയോഗിച്ച് ഇലക്ട്രോണിക് പേയ്‌മെന്റ് രീതി വ്യാജമാക്കുന്നതിനുള്ള പിഴകൾ അതോറിറ്റി അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഫെഡറൽ ഡിക്രി പ്രകാരം, വ്യാജ പകർപ്പുകൾ സൃഷ്ടിക്കുകയോ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന്റെ ഡാറ്റയോ വിവരങ്ങളോ അനധികൃതമായി ഉപയോഗിക്കുകയോ ചെയ്താൽ തടവും 500,000 ദിർഹം മുതൽ 2 മില്യൺ ദിർഹം വരെ
പിഴയും ലഭിക്കും.
വ്യാജ ഇലക്ട്രോണിക് രേഖകൾ കണ്ടെത്തിയാൽ, യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അനുസരിച്ച്, 2021 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 34-ന്റെ ആർട്ടിക്കിൾ 14 പ്രകാരം നിയമ നടപടി നേരിടേണ്ടിവരും. ഏതെങ്കിലും സ്ഥാപനത്തിന്റെ രേഖകളിൽ കൃത്രിമം കാണിച്ചാൽ തടവോ അല്ലെങ്കിൽ 100,000 ദിർഹം മുതൽ 300,000 ദിർഹം വരെ പിഴയും ലഭിക്കും.