പ്രാദേശിക സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന അക്രമണങ്ങളെ ചെറുക്കുന്നത് സംബന്ധിച്ച യുഎഇയും തുർക്കിയും തമ്മിൽ ചർച്ച. യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തുർക്കി രാഷ്‌ട്രപതി റജബ് തയ്യിപ് എർദോഗനും തമ്മിൽ ടെലിഫോണിലാണ് സംഭാഷണം നടത്തിയത്. മേഖലയിലെ സംഘർഷം തടയുന്നതിനും സാധാരണക്കാരുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനുമുള്ള ശ്രമങ്ങളാണ് ഇരുവരും സംസാരിച്ചത്.
അക്രമണം നടക്കുന്ന മേഖലകളിൽ മാനുഷിക സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ സുരക്ഷിത ഇടനാഴികൾ തുറക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.സമാധാനത്തിനെതിരായി ഉയരുന്ന സമ്മർദ്ദങ്ങൾ തടയുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ നടപടികൾ അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു.
മിഡിൽ ഈസ്റ്റിൻ്റെ സുസ്ഥിരതയും സുരക്ഷയും നിലനിർത്താനും അധിക പ്രതിസന്ധികൾ ഒഴിവാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന തുല്യസമാധാനത്തിനുള്ള സാധ്യതകളേപ്പറ്റിയും നേതാക്കൾ ആരാഞ്ഞു. ഇരുരാജ്യങ്ങലും തമ്മിലുളള ഉഭയകക്ഷി സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി.