ആയിരക്കണക്കിന് കണ്ടൽ മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള പദ്ധതിയുമായി യുഎഇ. 10,000 കണ്ടൽച്ചെടികളാണ് നട്ടുപിടിപ്പിക്കുക.യുഎഇ ആതിഥേയത്വം വഹിച്ച 51-ാമത് ദേശീയ ദിന ഷോയിൽ ഈ 10,000 തൈകൾ അവതരിപ്പിച്ചിരുന്നു. 2023 യുഎഇ സുസ്ഥിരതയുടെ വർഷമായി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ സംരംഭം.
2030ഓടെ 100 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുമെന്ന COP27-ൽ യുഎഇയുടെ പ്രതിജ്ഞ നിറവേറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി അറിയിച്ചു. മെയ് 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അബുദാബിയിലെ യാസ് ബീച്ചിൽ പദ്ധതിയ്ക്ക് തുടക്കം കുറിക്കും. താൽപ്പര്യമുള്ള സന്നദ്ധപ്രവർത്തകർക്ക് uaetreeplanting.com വഴി രജിസ്റ്റർ ചെയ്യാം.
യുഎഇയുടെ ആവാസവ്യവസ്ഥയുടെ ഒരു സുപ്രധാന ഭാഗമാണ് കണ്ടൽക്കാടുകൾ. രാജ്യത്തിന്റെ തീരങ്ങളെ സംരക്ഷിക്കുകയും ജൈവവൈവിധ്യത്തിന് നിർണായകമായ ആവാസ വ്യവസ്ഥകൾ കണ്ടൽചെടികൾ നൽകുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് 60 ദശലക്ഷം കണ്ടൽക്കാടുകൾ ഉണ്ട്, അവ 183 ചതുരശ്ര കിലോമീറ്റർ വനങ്ങളുണ്ടാക്കുകയും പ്രതിവർഷം 43,000 ടൺ CO2 പിടിച്ചെടുക്കുകയും ചെയ്യുന്നു. 2030-ഓടെ നടീൽ ലക്ഷ്യം 30 ദശലക്ഷത്തിൽ നിന്ന് 100 ദശലക്ഷമായി ഉയർത്തിക്കൊണ്ട് കണ്ടൽക്കാടുകളുടെ വിസ്തൃതി വിപുലീകരിക്കാനാണ് യു.എ.ഇയുടെ പദ്ധതി.