യുഎഇയിൽ താപനില ദിനംപ്രതി വർധിക്കുകയാണ്. ചൂട് സഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് യുഎഇ നിവാസികൾ. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതരുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ഇന്നലെ അൽ ഐനിലെ ഉം അസിമുളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് താപനില 50.3 ഡിഗ്രി സെൽഷ്യസെത്തിയത്.
വേനൽ ചൂട് ശക്തമാകുന്നതിനാൽ രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില 45 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ്. ജൂൺ 21 വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയതുമായ ദിവസമായിരുന്നതിനാൽ അൽ ദഫ്ര മേഖലയിലെ മെസൈറയിൽ 49.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് താപനില വർദ്ധിക്കുന്നതിനാൽ ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്ട്രോക്ക്, ക്ഷീണം, നിർജലീകരണം എന്നിവ വർദ്ധിക്കുന്നതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡോക്ടർമാർ ജനങ്ങളോട് ആവശ്യപ്പെട്ടു. ജലാംശം നിലനിർത്താനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും മധ്യാഹ്നസമയത്ത് പുറത്ത് പോകുന്നത് പരിമിതപ്പെടുത്തണമെന്നും ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും വെള്ളത്തിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നും നിർദേശിച്ചു.