അരി കയറ്റുമതി നാല് മാസത്തേക്ക് നിരോധിച്ച് യുഎഇ. ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കുമുള്ള താൽക്കാലിക നിരോധനം സംബന്ധിച്ച് വെള്ളിയാഴ്ചയാണ് സാമ്പത്തിക മന്ത്രാലയം ഉത്തരവിറക്കിയത്. ജൂലൈ 20ന് ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനർ കയറ്റുമതിയും കയറ്റുമതിയും വിലക്കിയിട്ടുണ്ട്.
തൊലികളഞ്ഞ അരി, മിനുസപ്പെടുത്തിയതോ മിനുക്കിയതോആയ അരി, നുറുക്ക് അരി, മുഴുവനായോ ഭാഗികമായോ വറുത്ത അരി തുടങ്ങി ഏകീകൃത കസ്റ്റംസ് താരിഫിൻ്റെ പരിധിയിൽ വരുന്ന എല്ലാ അരി ഇനങ്ങൾക്കും ഉത്തരവ് ബാധകമാണെന്നും അധികൃതർ സൂചിപ്പിച്ചു.
ഈ വിഭാഗത്തിൽപ്പെട്ട അരി കയറ്റുമതി ചെയ്യാനോ പുനർകയറ്റുമതി ചെയ്യാനോ ആഗ്രഹിക്കുന്ന കമ്പനികൾ കയറ്റുമതി പെർമിറ്റിനായി പത്യേക അപേക്ഷ സമർപ്പിക്കണം.
ഇന്ത്യക്ക് പുറത്ത് ഉത്ഭവിക്കുന്ന അരിയുടെ വിൽപ്പനയ്ക്കും പ്രത്യേക അനുമതി ആവശ്യമാണ്. 30 ദിവസത്തെ കാലാവധിയാകും അനുവദിക്കുക. ലോകത്തെ മുൻനിര അരി കയറ്റുമതിക്കാരായ ഇന്ത്യ നിയതന്ത്രണം ഏർപ്പെടുത്തിയതോടെ അന്താരാഷ്ട്ര വിപണിയിൽ അരിക്ഷാമം രൂക്ഷമായതാണ് യുഎഇയുടേയും നിയന്ത്രണത്തിന് കാരണം. രാജ്യത്തിൻ്റെ മൊത്തം അരി കയറ്റുമതിയുടെ നാലിലൊന്ന് വരുന്ന ബസ്മതി ഇതര വെള്ള അരി കയറ്റുമതിയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിപണിയിൽ വൻതോതിലുള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും പ്രാദേശിക വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്നും അധികൃതർ വിശദീകരിച്ചു. ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ആളുകൾ അരി ഉപഭോക്താക്കളാണെന്നാണ് കണക്കുകൾ.