ഡെന്മാർക്കിൽ തീവ്രവാദികൾ വിശുദ്ധ ഖുർആന്റെ പകർപ്പ് കത്തിച്ചതിനെ യു.എ.ഇ ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദേശകാര്യ മന്ത്രാലയം ഡാനിഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.
മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിക്കുന്നതായി മന്ത്രാലയം അടിവരയിട്ടു. ജനങ്ങൾക്കിടയിൽ സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വിദ്വേഷ പ്രസംഗവും തീവ്രവാദവും വിരുദ്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ചു.
സമാധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സാർവത്രിക തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയത്ത് മതചിഹ്നങ്ങളെ ബഹുമാനിക്കുകയും പ്രകോപനങ്ങളും ധ്രുവീകരണവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി.