പുതിയ ബഹിരാകാശ ചരിത്രമെഴുതാനുളള കുതിപ്പുമായി യുഎഇ. എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും ക്രൂ- 6 അംഗങ്ങളും ആറ് മാസത്തെ ബഹിരാകാശ ദൌത്യത്തിനായി യാത്ര തിരിച്ചു.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് ഡ്രാഗൺ ബഹിരാകാശ പേടകത്തേയും വഹിച്ചുകൊണ്ടുളള സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.
തിങ്കളാഴ്ച അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തടസ്സങ്ങളെ തുടർന്നാണ് വിക്ഷേപണം ഇന്നത്തേക്ക് മാറ്റിവച്ചത്. വ്യാഴാഴ്ച രാവിലെ യുഎഇ സമയം 9.34ഓടെയായിരുന്നു വിക്ഷേപണം. നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്കോസ്മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്യേവ് എന്നിവരോടൊപ്പം അൽ നെയാദിയും ആറുമാസം നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ലബോറട്ടറിയിൽ ചെലവഴിക്കും.
യുഎഇ ആസ്ട്രോനറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണങ്ങളും ദൌത്യത്തിൽ ഉൾപ്പെടുന്നുണ്ട്. ബഹിരാകാശ പര്യവേഷണത്തിനായി യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയാണ് ആസ്ട്രോനറ്റ് പദ്ധതി ലക്ഷ്യമിടുന്നത്.ആറു മാസത്തെ ദൗത്യത്തിൽ ഇരുന്നൂറ്റിഅൻപതിലധികം ഗവേഷണങ്ങളിൽ സംഘം ഏർപ്പെടും.
മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായുളള തയാറെടുടുപ്പുകളും പദ്ധതിയുടെ ഭാഗമാണ്. മാതാപിതാക്കൾക്കും, കുടുംബത്തിനും, മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിനും , നാസയ്ക്കും സ്പേസ് എക്സ് മിഷനും അൽ നെയാദി രേഖപ്പെടുത്തി. സുൽത്താൻ അൽ നെയാദിയുടെ പിതാവും കുട്ടികളും മറ്റ് കുടുംബാംഗങ്ങളും ലോഞ്ച് നേരിൽ കാണാൻ ഫ്ലോറിഡയിലെത്തിയിരുന്നു.അഭിമാന നിമിഷമെന്ന് കുടുംബം പ്രതികരിച്ചു.
വിക്ഷേപണത്തിൻ്റെ ആദ്യ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് നാസയും വ്യക്തമാക്കി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് 24.5 മണിക്കൂർ യാത്രണുളളത. സംഘം നാളെ ബഹാരാകാശ നിലയത്തിലെത്തിച്ചേരും.