വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകൾക്ക് നല്കുന്ന ആന്താരാഷ്ട്ര പുരസ്കാരത്തിനുളള സാധ്യതാ പട്ടികയില്‍ യുഎഇയില്‍നിന്ന് മൂന്ന് സ്കൂളുകൾ. ഡിജിറ്റൽ പഠന വൈദഗ്ധ്യം, ക്ഷേമ സംരംഭങ്ങൾ, ഭാവി ചിന്താ പരിപാടികൾ, എന്നിവയെ അംഗീകരിക്കുന്ന ആഗോള പുരസ്കാര പട്ടികയിലാണ് സ്കൂളുകൾ ഇടം പിടിച്ചത്.
യുകെയിലെ വിദ്യാഭ്യാസ ഡാറ്റ പ്രൊവൈഡറായ ISC റിസർച്ചാണ് അന്താരാഷ്ട്ര സ്കൂൾ അവാർഡുകൾ വിതരണം ചെയ്യുന്നത്. സാമുഹിക പങ്കാളിത്തം, വൈവിധ്യം, സുസ്ഥിരത എന്നിങ്ങനെ 10 വിഭാഗങ്ങളിലായാണ് സ്കൂളുകളെ ആദരിക്കുക. പഠനം, അദ്ധ്യാപനം, സമൂഹം, ക്ഷേമം, നേതൃത്വം, മറ്റ് തന്ത്രപരമായ സംരംഭങ്ങൾ എന്നീ ഘടകങ്ങളും വിലയിരുത്തും.
യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അജ്മാൻ അക്കാദമിയും ദുബായ് കോളേജും ഡിജിറ്റൽ ടെക്നോളജി ഇൻ ലേണിംഗ് അവാർഡിന് ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ഉത്തരവാദിത്തം പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സാങ്കേതികവിദ്യാ സംരംഭത്തിനാണ് അംഗീകാരം. വിദ്യാര്‍ത്ഥികളുടെ ഭാവി ലക്ഷ്യങ്ങൾക്ക് പിന്തുണ നല്കുന്ന പ്രവര്‍ത്തനങ്ങൾ വിലയിരുത്തി ഫ്യൂച്ചർ പാത്ത്വേസ് അവാർഡിനും ദുബായ് കോളേജ് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ദുബായിലെ മില്ലേനിയം സ്കൂളാണ് വെൽബീയിംഗ് അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റൊരു സ്ഥാപനം. അൽ ഖുസൈസിലെ 22 വർഷം പഴക്കമുള്ള സ്കൂളിൽ പ്രീ-പ്രൈമറി മുതൽ ഗ്രേഡ് 12 വരെ 2,800 ഓളം കുട്ടികളുണ്ട്. യുഎഇയിലെ പത്ത് സ്വകാര്യ സ്കൂളുകൾ ലോകത്തിലെ മികച്ച 100 സ്ഥാനങ്ങളിൽ ഇടംനേടിയെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
61 രാജ്യങ്ങളിലെ സ്കൂളുകളിൽ നിന്ന് ലഭിച്ച 291 അപേക്ഷകളിൽ നിന്നാണ് അന്താരാഷ്ട പുരസ്കാരത്തിനായി പട്ടിക തയ്യാറാക്കിയത്. മികച്ച ആശയങ്ങളും ക്രിയാത്മകമായ പ്രവർത്തനങ്ങളും പങ്കുവെക്കാനുള്ള അവസരമാണ് അവാർഡുകൾ നൽകുന്നത്. 2023 ജനുവരി 24-ന് നടക്കുന്ന തത്സമയ വെർച്വൽ ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക.