പുതിയ അധ്യയന വർഷത്തിൽ യുഎഇയിലെ സ്കൂളുകളിൽ 700ലധികം അധ്യാപകരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലാണ് കൂടുതൽ ഒഴിവുകളുള്ളത്. ഇതിൽ ദുബായിൽ മാത്രം 500ഓളം അധ്യാപകരുടെ കുറവാണുള്ളതെന്നാണ് വിവിധ റിക്രൂട്ടിങ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
അബുദാബിയിൽ 150, ഷാർജയിൽ 50 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ അധ്യാപകരുടെ ഒഴിവുകൾ. ജെംസ് എജ്യുക്കേഷൻ, തഅ്ലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ ഗ്രൂപ്പുകളിലെ സ്‌കൂളുകളിലാണ് കൂടുതൽ ഒഴിവുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംഗീതം, കായികം, ക്രിയേറ്റീവ് ആർട്‌സ്, പെർഫോർമിങ് ആർട്സ് ഡയറക്ടർ, സ്പോർട്‌സ് ഡയറക്‌ടർ തുടങ്ങിയവയിലും ഒഴിവുണ്ട്. ദുബായ് ബ്രിട്ടീഷ് സ്‌കൂൾ ജുമൈറ പാർക്ക്, ജെംസ് വില്ലിങ്ടൺ ഇന്റർനാഷണൽ സ്‌കൂൾ, അർക്കാഡിയ ഗ്ലോബൽ സ്കൂൾ തുടങ്ങി പത്തോളം സ്‌കൂളുകളിൽ ഗണിത, ശാസ്ത്ര അധ്യാപകരെയാണ് കൂടുതലായും ആവശ്യമുള്ളത്.
ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉയർന്ന യോഗ്യതയും തൊഴിൽ പരിചയവുമുള്ള അധ്യാപകരെ ലഭിക്കുക എന്നത് പ്രയാസമാണെന്നാണ് റിക്രൂട്ടിങ് ഏജൻസികൾ സൂചിപ്പിക്കുന്നത്. അധ്യാപകർക്ക് ഓരോ സ്‌കൂളിൻ്റെയും നിലവാരവും അധ്യാപകരുടെ യോഗ്യതയും തൊഴിൽപരിചയവും അനുസരിച്ച് 3,000 മുതൽ 17,000 ദിർഹം വരെയാണ് ശമ്പളം നൽകുന്നുണ്ട്. അതിനാൽ വിദേശ അധ്യാപകർ ഈ വർഷം യുഎഇയിലേയ്ക്ക് കൂടുതലായി എത്തുമെന്നാണ് വിലയിരുത്തൽ.