മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമാണ് നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ചത്.
‘പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യയെ കൂടുതൽ പുരോഗതിയിലേയ്ക്കും വളർച്ചയിലേക്കും നയിക്കുന്നതിൽ അദ്ദേഹം തുടർന്നു വിജയിക്കട്ടെ. ഇന്ത്യയും യുഎഇയിു തമ്മിൽ ആഴത്തിൽ വേരൂന്നിയ തന്ത്രപരമായ പങ്കാളിത്തം വിജയകരമായി തുടരും. ഇരുരാജ്യങ്ങളുടെയും ജനതയുടെയും വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള തുടർ സഹകരണത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിൽ കുറിച്ചത്.
‘മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ അതിന്റെ സാമ്പത്തിക പുരോഗതി നിലനിർത്തുകയും കഴിഞ്ഞ ദശകത്തിലെ ശ്രദ്ധേയമായ നേട്ടങ്ങൾ പടുത്തുയർത്തുന്നത് തുടരുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു’ എന്നാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വ്യക്തമാക്കിയത്.
യുഎഇ ഭരണാധികാരികൾക്കൊപ്പം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും മോദിയെ അഭിനന്ദിച്ചു. ‘ഇന്ത്യൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ എല്ലാവിധ വിജയാശംസകളും നേരുകയാണ്’ എന്നാണ് ഒമാൻ സുൽത്താൻ പറഞ്ഞത്. ഒമാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തേയും സഹകരണത്തേയും കുറിച്ചും സുൽത്താൻ സൂചിപ്പിച്ചു.