യൂറോപ്യൻ യൂണിയൻ വിദേശകാര്യ സുരക്ഷാ പ്രിതിനിധി ജോസെപ് ബോറെലിന്റെ വംശീയ പരാമർശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി യുഎഇ. ബെൽജിയത്തിലെ ബ്രൂഗസിൽ നടത്തിയ പ്രസംഗത്തിലാണ് യൂറോപ്പിന് പുറത്തുളള രാജ്യങ്ങളെ അവഹേളിച്ച് യുഎൻ വിദേശകാര്യ പ്രതിനിധിയുടെ പരാമര്‍ശമുണ്ടായത്.
യൂറോപ്പ് ഒരു പൂന്തോട്ടമാണെന്നും യൂറോപ്പിന് പുറത്തുളള രാജ്യങ്ങൾ കാടാണെന്നും ആയിരുന്നു ജോസെപ് ബോറലിന്‍റെ പ്രസംഗം. കാടുകൾക്ക് പൂന്തോട്ടത്തെ ആക്രമിക്കാൻ കഴിയുമെന്നും പരാമര്‍ശിച്ചിരുന്നു. യൂറോപ്പിന് പുറത്തുളളവര്‍ അക്രമാസക്തരാണെന്ന ചിന്തയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായത്.
എന്നാല്‍ ജോസംപ് ബോറെലിന്റെ പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്ന് യുഎഇ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള അസഹിഷ്ണുതയ്ക്ക് ആക്കം കൂട്ടുന്ന പ്രസ്താവനയാണെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും പറഞ്ഞു.
യൂറോപ്യൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽഷെഹി, പൊളിറ്റിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ് മിനിസ്റ്റർ റീം കെറ്റെയ്റ്റ് എന്നിവരും വിയോജിപ്പ് രേഖപ്പെടുത്തി.
മറ്റ് മതങ്ങളോടും സംസ്‌കാരങ്ങളോടും വംശീയ വിഭാഗങ്ങളോടുമുള്ള ബഹുസ്വരത, സഹവർത്തിത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് ലോകം ബോധവാന്മാരാകുന്ന സമയത്ത് യുഎന്‍ വിദേശകാര്യ പ്രതിനിധിയുടെ പരാമർശം നിരാശാജനകമാണെന്നും യുഎഇ വിലയിരുത്തി.