യുഎഇയിലുടനീളമുള്ള ലേബർ പാർപ്പിടങ്ങളിൽ ഏകദേശം 1.5 ദശലക്ഷം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അധികൃതർ. ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 1,800-ലധികം കമ്പനികൾ ഇലക്ട്രോണിക് ലേബർ അക്കോമഡേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
3 ആഴ്ചയ്ക്കുള്ളിൽ യുഎഇയിൽ രേഖപ്പെടുത്തിയത് 352 തൊഴിൽ നിയമലംഘനങ്ങളാണ്. തൊഴിലാളികൾക്കുള്ള പാർപ്പിട സൗകര്യങ്ങളുടെ ഏറ്റവും പുതിയ പരിശോധനയിലാണ് അപര്യാപ്തമായ വെൻ്റിലേഷൻ, എയർ കണ്ടീഷനിംഗ്, പാർപ്പിട സൗകര്യത്തിലെ പൊതുവായ ശുചിത്വ പ്രശ്നങ്ങൾ ഉൾപ്പെടെ 352 ലംഘനങ്ങൾ മന്ത്രാലയം കണ്ടെത്തിയത്.
മേയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയെ തുടർന്ന് നിയമം പാലിക്കാത്ത ചില കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും മറ്റുള്ളവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. അതേസമയം, ചില കമ്പനികൾക്ക് അവരുടെ താമസസൗകര്യം ശരിയാക്കാൻ ഒരു മാസം വരെ സമയവും അനുവദിച്ചിട്ടുണ്ട്.