ബഹിരാകാശ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ ബഹിരാകാശ നിയമം പരിഷ്കരിക്കുന്നു. പുതിയ പതിപ്പ് അടുത്ത വർഷം ആദ്യ പാദത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ സ്പേസ് ഏജൻസി ഡയറക്‌ടർ ജനറൽ സലിം ഭട്ടി സലിം അൽ ക്യുബൈസി പറഞ്ഞു.
ദുബായ് എയർഷോയിൽ നടന്ന പാനൽ ചർച്ചയിലാണ് ബഹിരാകാശ നിയമത്തിന്റെ പരിഷ്കരണത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. 2019-ലാണ് യുഎഇ ദേശീയ ബഹിരാകാശ നിയമം ആദ്യമായി അവതരിപ്പിച്ചത്. ഒമ്പത് ചാപ്റ്ററുകളും 54 ആർട്ടിക്കിളുകളും അടങ്ങിയ ഈ നിയമം 2020-ലാണ് പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ ബഹിരാകാശ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ വളരെ പ്രാധാന്യമുണ്ട് ഈ നിയമത്തിന്.
ബഹിരാകാശ ഗവേഷണത്തിനായുള്ള ഉപകരണങ്ങളുടെ ഉടമസ്ഥത, ബഹിരാകാശ സഞ്ചാരികളുടെ ഗവേഷണ യാത്ര, സ്പേസ് ടൂറിസം ഫ്ലൈറ്റുകളുടെ പ്രവർത്തനം എന്നിവയെ നിയന്ത്രിക്കുന്നതാണ് ഈ നിയനം. കൂടാതെ ഈ മേഖലയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 10 ദശലക്ഷം ദിർഹം പിഴയും നിയമം അനുശാസിക്കുന്നുണ്ട്. അടുത്ത വർഷം ആദ്യ പാദത്തോടെ കൂടുതൽ നിയമങ്ങൾ കുട്ടിച്ചേർക്കുമെന്നും അൽ ക്യുബൈസി വ്യക്‌തമാക്കി.