വായുവിൽ നിന്ന് ശുദ്ധമായ കുടിവെള്ളം ഉല്പാദിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാ ഹവ എന്ന കമ്പനിയാണ് വായുവിൽ നിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കാനുള്ള ഡിസ്പെൻസറുകൾ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച ജിടെക്സ് എക്സിബിഷനിലാണ് ഡിസ്പെൻസറുകൾ കമ്പനി അവതരിപ്പിച്ചത്. നിലവിൽ പരിമിതമായ അളവിൽ മാത്രം ഉല്പാദിപ്പിക്കപ്പെടുന്ന കുടിവെള്ളം അധികം വൈകാതെ യുഎഇ നിവാസികൾക്ക് മുഴുവൻ ആവശ്യമായ അളവിൽ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
നിരവധി ഘട്ടങ്ങളിലൂടെയാണ് വായുവിനെ ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്നത്. ആദ്യം നിരവധി ഫിൽട്ടറുകൾ ഉപയോഗിച്ച് വായുവിനെ ശുദ്ധീകരിക്കും. ശുദ്ധീകരിച്ച വായുവിനെ പിന്നീട് ഡിസ്പെൻസറുകൾ വലിച്ചെടുത്ത് തണുപ്പിച്ചാണ് വെള്ളം വേർതിരിച്ചെടുക്കുക. ഈ വെള്ളം പ്രത്യേക ട്രീറ്റ്മെന്റിലൂടെ ശുദ്ധമാക്കി മാറ്റുകയാണ് അടുത്ത ഘട്ടം. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന വെള്ളം ബഫർ ടാങ്കിൽ ശേഖരിക്കുകയും തുടർന്ന് ഫിൽട്ടറേഷന്റെ മൂന്ന് ഘട്ടങ്ങളിലൂടെ കടത്തിവിടുകയും ചെയ്യും. അവസാന ഘട്ടം അണുക്കളെ നശിപ്പിക്കുന്നതിനായി വെള്ളത്തിലൂടെ യു.വി രശ്മികളെയും കടത്തിവിടും. ഇതോടെ കുടിവെള്ളം പൂർണ്ണമായും ശുദ്ധമാകുകയും ചെയ്യും.
ജെൻ.എം എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്പെൻസറുകൾ വീടുകളിലും ചെറുകിട ഓഫീസുകളിലും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 330 മില്ലി ലിറ്റർ വെള്ളത്തിന് മൂന്ന് ദിർഹവും 700 മില്ലി ലിറ്ററിന് ആറ് ദിർഹവുമാണ് വില. പ്രതിദിനം 30 ലിറ്റർ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഡിസ്പെൻസറിന് 14,000 ദിർഹമാണ് വില.