ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള പദ്ധതിയിൽ പങ്കാളിയായതിന്റെ ഭാഗമായി യുഎഇ നാസയുടെ ലൂണാർ ഗേറ്റ് വേ സ്റ്റേഷനുമായുള്ള സഹകരണം ആരംഭിച്ചു. 10 ടൺ ഭാരമുള്ള ക്രൂ ആന്റ് സയൻസ് എയർ ലോക്ക് എന്ന പ്രവേശന കവാടമാണ് യുഎഇ നിർമ്മിക്കുക. ദുബായ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിൽ (എം.ബി.ആർ.എസ്.സി.) നിന്നുള്ള സംഘം പദ്ധതിയുടെ നിർണായക ഘടകമായ എയർലോക്ക് വികസിപ്പിക്കാൻ ആരംഭിച്ചതായി കേന്ദ്രം ഡയറക്‌ടർ ജനറൽ സലേം അൽ മർറി പറഞ്ഞു.
2028-നകം പ്രവേശന കവാടത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തുകടക്കാനും പ്രവേശിക്കാനും ഉപയോഗിക്കുന്ന ഒരു എയർടൈറ്റ് മുറിയാണ് എയർലോക്ക്. യുഎഇയുടെ ബഹിരാകാശ യാത്രികരായ സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, മുഹമ്മദ് അൽ മുല്ല, നോറ അൽ മത്രൂഷി എന്നിവർ ലൂണാർ ഗേറ്റ്‌വേയുടെ ഒരു ഭാഗത്തിൻ്റെ പ്രോട്ടോടൈപ്പ് പരിശോധിച്ചിരുന്നു. ജനുവരി ആദ്യമാണ് പ്രധാന ബഹിരാകാശ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി അമേരിക്കയുമായി യുഎഇ കരാറിലൊപ്പിട്ടത്.
പദ്ധതി പൂർത്തിയായാൽ നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൽ എയർലോക്ക് വിക്ഷേപിക്കും. അമേരിക്ക, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവർക്കൊപ്പമാണ് ചന്ദ്രനിൽ ബഹിരാകാശ നിലയം സ്ഥാപിക്കുന്ന പദ്ധതിയിൽ യുഎഇ പങ്കാളിയാകുന്നത്. ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാനുള്ള പ്രത്യേക കേന്ദ്രവും ചന്ദ്ര ദൗത്യം നിയന്ത്രിക്കാനുള്ള ഗ്രൗണ്ട് സ്റ്റേഷനും യുഎഇയിൽ ഉടൻ സ്ഥാപിക്കും.