വീണ്ടും അംഗീകാരത്തിന്റെ നിറവിൽ യുഎഇ. റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് മേഖലയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ് യുഎഇ. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട യാത്രാ-വിനോദ സഞ്ചാര വികസനസൂചികയിലാണ് യുഎഇയുടെ ഈ നേട്ടം കരസ്ഥമാക്കിയത്.
ഭരണാധികാരികളുടെ കാഴ്‌ചപ്പാടിന്റെയും യുഎഇയുടെ തന്ത്രപ്രധാനമായ ആസൂത്രണത്തിന്റെയും മികവാണ് ഈ നേട്ടത്തിലേയ്ക്ക് രാജ്യത്തെ എത്തിച്ചതെന്ന് ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു.
വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ട്രാവൽ ആന്റ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് 2024ലെ റിപ്പോർട്ട് യുഎഇ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മയെയും ഉയർന്ന നിലവാരത്തെയും ലോകം മുഴുവൻ വിളിച്ചറിയിക്കുന്നതാണ്. റോഡുകൾ, പൊതുഗതാഗത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം വർധിച്ചത് വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനും ജി.ഡി.പി വർധിപ്പിക്കാനും സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.