വെള്ളപൊക്കത്തിൽ നശിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കണമെങ്കിൽ പൊലീസിന്റെ പക്കൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ നശിച്ച എല്ലാവർക്കും ഡിസ്ട്രക്ഷൻ സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി വ്യക്തമാക്കി.
കമാൻഡിൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയും ഷാർജ പോലീസ് സ്മാർട്ട് ആപ്പിലൂടെയും അതിൻ്റെ വെബ്‌സൈറ്റിലൂടെയും തങ്ങളുടെ അപേക്ഷ പൂരിപ്പിച്ച് ഉപഭോക്താക്കൾക്ക് സമർപ്പിക്കാം. ഈ പ്രളയബാധിത സമയത്ത് കുടുംബങ്ങളുടെ ചെലവുകൾ ലഘൂകരിക്കാനുള്ള അധികൃതരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം.
എമിറേറ്റിലെ എല്ലാ നഗരങ്ങളിലും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുന്ന പരമാവധി സഹായം നൽകുന്നതിന് ഫീൽഡ് വർക്ക് ടീമുകളുമായും, എല്ലാ പങ്കാളികളുമായും സഹകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.