യുഎഇയിൽ മെയ് മാസത്തിലും മഴക്കാലത്തിന്റെ പ്രതീതിയാണ് നിലനിൽക്കുന്നത്. സാധാരണയായി ചൂട് ശക്തമാകുന്ന ഈ സമയത്തും രാജ്യത്ത് ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുകയാണ്. യുഎഇയുടെ വിവിധ മേഖലകളിൽ മെയ് 1, 2 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ കൂടുതൽ ശക്തമാകുമെന്നും ആലിപ്പഴം പൊഴിയുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മെയ് 2 വരെ വിവിധ സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച രാത്രിയോടെ മഴ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിച്ച് വ്യാഴാഴ്ച രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ച് പടിഞ്ഞാറ്, തീരപ്രദേശങ്ങളിലും ചില കിഴക്കൻ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കും. തുടർന്ന് 3,4 തിയതികളിൽ തെക്ക്, കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാനുള്ള സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. ഈ സമയത്ത് തെക്ക് കിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള മേഖലകളിൽ ശക്തമായ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്.
അറബ് ലോകം കാനത്ത് അൽ തുരായ എന്നറിയപ്പെടുന്ന സീസണിലേയ്ക്ക് പ്രവേശിച്ചിട്ടും മഴ മാറിനിൽക്കാൻ കൂട്ടാക്കുന്നില്ല. കുറിച്ച് ദിവസങ്ങളായി യുഎഇയിൽ മഴ തുടരുകയാണ്. ഇന്നലെയും രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ പെയ്തിരുന്നു. ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം, മഴയില്ലാത്ത മേഖലകളിൽ വേനൽ ചൂട് ശക്തമാകുകയാണ്. ചില പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജൂൺ 7 വരെ ഈ സീസൺ നീണ്ടുനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.
Weather situation from Monday April 29th to Saturday May 4th 2024 @ncmuae pic.twitter.com/nZ4iSu9CGn
— Dubai Media Office (@DXBMediaOffice) April 29, 2024