യുഎഇയിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. രാജ്യത്ത് ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും പ്രധാനമായും ദുബായ്, അബുദാബി എന്നിവിടങ്ങളിൽ മഴ പെയ്യുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഏപ്രിൽ 17 വരെ രാജ്യത്ത് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്. ഇന്ന് അബുദാബി, അൽ ഐൻ, ഫുജൈറ തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 15, 16 തീയതികളിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവം കൂടുതലായുണ്ടാകാൻ സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ഇടിയോട് കൂടിയ മഴ, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ട്.
ഈ ദിവസങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകുമെന്നും രാത്രി കാലങ്ങളിൽ മഴ 80 ശതമാനത്തോളം വർധിക്കുമെന്നും കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പർവതങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കാമെന്നും ആന്തരിക പ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാക്കാമെന്നും കണക്കാക്കപ്പെടുന്നുണ്ട്.