നമ്മുടെ ജീവിതത്തിൽ താങ്ങും തണലും കരുത്തും കരുതലുമായി നിൽക്കുന്ന അച്ഛനെ മറക്കാൻ ആർക്കും സാധിക്കില്ല. എത്രയൊക്കെ വളർന്നാലും ബാല്യകാലത്ത് മാതാപിതാക്കളോടൊപ്പമുള്ള ഓർമ്മകൾ എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്. ഇന്ന് യുഎഇയിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ തന്റെ പിതാവിനൊപ്പമുള്ള അപൂർവ്വ ചിത്രം പങ്കിട്ടിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
തൻ്റെ പിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം വെള്ളത്തിൽ നീന്തുന്ന തന്റെ ചെറുപ്പകാലത്തെ ചിത്രമാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചത്. ഹൃദയസ്പർശിയുമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കിട്ടത്. “നിങ്ങൾ എന്നേക്കും ഞങ്ങളുടെ ഉപദേഷ്ടാവും ഞങ്ങളുടെ പിതാവും ഞങ്ങളുടെ രാജ്യത്തിൻ്റെ പ്രതീകവുമായിരിക്കും” എന്നാണ് ഷെയ്ഖ് മുഹമ്മദ് കുറിച്ചത്.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തലയിൽ സ്നോർക്കെല്ലിംഗ് മാസ്കുമായി വെള്ളത്തിൽ നീന്തുന്നതിനിടയിൽ ഷെയ്ഖ് മുഹമ്മദുമായി സംസാരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. തന്റെ ജീവിതത്തിലെ അമൂല്യമായ ഓർമ്മകൾ ഉൾപ്പെടുന്ന ചിത്രമാണ് ഷെയ്ഖ് മുഹമ്മദ് ഫാദേഴ്സ് ദിനത്തിൽ പങ്കുവെച്ചത്.