അന്താരാഷ്ട്ര യുവജനദിനത്തിന്റെ ഭാഗമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ. ഖാസർ അൽ ബഹറിൽ നടന്ന കൂടിക്കാഴ്ചയിൽ യുവാക്കൾ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും യുഎഇയയേക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ ശുഭാപ്തിവിശ്വാസം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യുവജന ദിനത്തിൽ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് നേതൃത്വം നൽകാൻ യുവാക്കൾ തയ്യാറെടുക്കുമ്പോൾ അവരുടെ വളർച്ച പൂർണ്ണമാക്കാൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ്. ഡീസൽനേഷൻ, അരി, ഗോതമ്പ് കൃഷി തുടങ്ങിയ മേഖലകളിൽ അതിനൂതനമായ സാങ്കേതിക വിദ്യകൾ നടപ്പാക്കി ഭക്ഷ്യ-ജല സുരക്ഷ കൈവരിക്കാൻ യുവാക്കൾ മുന്നോട്ടുവരണം. രാജ്യത്തിന്റെ വളർച്ചയ്ക്കായി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും മൂല്യവത്തായതും നൂതനവുമായ ആശയങ്ങൾ തേടുന്നതായും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം അതിന്റെ തത്വങ്ങൾ പാലിക്കേണ്ടതിന്റെയും ആചാര പാരമ്പര്യങ്ങളെ മാനിക്കേണ്ടതിന്റെയും പ്രാധാന്യം ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. കൂടാതെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിലും മികച്ച റോൾ മോഡലുകളെ യുവജനങ്ങൾ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.