1,000 പാലസ്തീനിയൻ കാൻസർ രോഗികളെ വിമാന മാർഗം രാജ്യത്തേക്ക് എത്തിക്കാൻ യുഎഇ പ്രസിഡന്റിന്റെ നിർദേശം. ഗാസയിലെ കാൻസർ രോഗികളെ യുഎഇ ആശുപത്രികളിൽ എത്തിച്ച് ചികിൽസിക്കാനാണ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ശനിയാഴ്ച പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്.
യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിൽ നിന്നുള്ള എല്ലാ പ്രായത്തിലുമുള്ള കാൻസർ രോഗികളെയും യുഎഇയിൽ എത്തിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ, ഗാസയിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും അടങ്ങുന്ന ആദ്യ ബാച്ച് അബുദാബിയിലെത്തിയിരുന്നു. ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി ഇവരെ കൊണ്ടുപോയി.
ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ കുടുങ്ങിയ പാലസ്തീനികളുടെ ദുരിതം ലഘൂകരിക്കാൻ യുഎഇ നടത്തുന്ന മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. ഈ മാനുഷിക സഹായത്തിന് പുറമേ രാജ്യം ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഗാലന്റ് നൈറ്റ് 3 ഓപ്പറേഷനുകൾക്ക് കീഴിൽ ഗാസ മുനമ്പിൽ ഒരു ഫീൽഡ് ഹോസ്പിറ്റലും പാലസ്തീനികൾക്കുള്ള ജലവിതരണത്തിനായി മൂന്ന് ഡസലൈനേഷൻ പ്ലാന്റുകളും യുഎഇ നിർമ്മിക്കുന്നുണ്ട്.