യുഎഇയിൽ ഫെബ്രുവരി 28 വിദ്യാഭ്യാസത്തിനായുള്ള എമിറാത്തി ദിനമായി ആഘോഷിക്കും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഈ ദിനം ആദരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1982-ലെ ഈ ദിവസം, യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ യുഎഇ സർവകലാശാലയിൽ നിന്നുള്ള ആദ്യ ബാച്ച് അധ്യാപകരുടെ ബിരുദദാനത്തിന് സാക്ഷ്യം വഹിച്ചതായി യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.
യുഎഇയിലെ നേതാക്കൾ രാജ്യത്ത് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും ആഗോള തലത്തിൽ അതിൻ്റെ പുരോഗതി ശക്തിപ്പെടുത്തുന്നതിനും നിരന്തരം പരിശ്രമിക്കുന്നുണ്ട്. 4.5 ബില്യൺ ദിർഹം മുതൽ മുടക്കിൽ ദുബായ് നാഷണൽ യൂണിവേഴ്സിറ്റി ആരംഭിക്കുമെന്ന് അടുത്തിടെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. അടുത്ത ദശാബ്ദത്തിനുള്ളിൽ മികച്ച 50 യുവ സർവകലാശാലകളിൽ ഇടംപിടിക്കുകയാണ് പുതിയ സർവ്വകലാശാലയുടെ ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.