വലിയ സ്വപ്നങ്ങൾ കാണണമെന്നും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും വിദ്യാർത്ഥികളെ ഓര്‍മ്മിപ്പിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഓഡിയൊ സന്ദേശത്തിലാണ് പ്രസിഡന്റിന്റെ ഉദ്ബോധനം. രാജ്യത്തുടനീളമുള്ള ക്ലാസ് മുറികളിൽ പ്രസിഡന്റിന്റെ സന്ദേശം പ്രക്ഷേപണം ചെയ്തു.
വിജയകരമായ ഒരു അധ്യയന വർഷത്തിലെക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും അദ്ദേഹം സ്വാഗതം ചെയ്തു. യുവാക്കളുടെ അഭിലാഷങ്ങളെ പരിപോഷിപ്പിക്കുന്നതിൽ സ്കൂളുകളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥിതിയുടെ ഉന്നമനത്തിന് വിദ്യാഭ്യാസ മേഖല വഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം എന്നത് സ്കൂളിൽ മാത്രമല്ലെന്നും കുടുംബങ്ങളുടേയും മുഴുവന്‍ സമൂഹത്തിന്റേയും ഉത്തരവാദിത്വമാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് സൂചിപ്പിച്ചു. രാജ്യത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കുന്നതിനൊപ്പം സുരക്ഷിത ഭാവിയൊരുക്കുന്നതിന് വിദ്യാഭ്യാസം അനിവാര്യമാണെന്നും പ്രസിഡന്റ് സന്ദേശത്തില്‍ വ്യക്തമാക്കി. ഓരോ വിദ്യാര്‍ത്ഥികളും രാജ്യത്തിന്റെ അഭിമാനമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലഘു സന്ദേശം അവസാനിപ്പിച്ചത്.